പെരുന്നാൾ ക്രമം ( 3 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.15.76  )
അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം..

നബി(സ) ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മൈതാനത്തേക്ക്‌ പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്കാരമാണ്‌ നബി(സ) തുടങ്ങുക. നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചാല്‍ ജനങ്ങളെ അഭിമുഖീകരിച്ച്‌ എഴുന്നേറ്റ്‌ നില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. അങ്ങനെ നബി(സ) അവര്‍ക്ക്‌ ഒരു ഉപദേശം നല്‍കും. അവരോട്‌ പലതും കല്‍പിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവല്‍ക്കരിച്ച്‌ വല്ലഭാഗത്തേക്കും അയക്കുവാന്‍ നബി(സ) ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ പട്ടാളസംഘത്തെ അവിടെവച്ച്‌ രൂപവല്‍ക്കരിക്കും. വല്ല കാര്യവും കല്‍പ്പിക്കാനാണ്‌ ഉദ്ദേശമെങ്കില്‍ അത്‌ കല്‍പിക്കും. ശേഷം നബി(സ) അവിടെ നിന്ന്‌ പിരിഞ്ഞു പോകും. അബുസഈദ്‌(റ) പറയുന്നു. മര്‍വാന്‍ വരുന്നതുവരെ ജനങ്ങള്‍ ഈ നബിചര്യ തുടര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ മദീനയിലെ ഗവര്‍ണറായിരുന്ന മര്‍വ്വാന്‍റെ കൂടെ ഒരു ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ ഞാന്‍ മൈതാനത്തേക്ക്‌ പുറപ്പെട്ടു. അങ്ങനെ മൈതാനത്ത്‌ ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ അതാ ഒരു മിമ്പര്‍ ! കുസീറുബ്നുസ്വല്‍ത്തു എന്ന മനുഷ്യന്‍ നിര്‍മ്മിച്ചതാണിത്‌. മര്‍വ്വാന്‍ നമസ്കരിക്കുന്നതിന്‍റെ മുമ്പായി തന്നെ ആ മിമ്പറില്‍ കയറാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്‍റെ വസ്ത്രം പിടിച്ച്‌ ഞാന്‍ പിന്നോട്ട്‌ വലിച്ചു. അപ്പോള്‍ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവില്‍ മിമ്പറില്‍ കയറി അയാള്‍ നമസ്കാരത്തിന്‍റെ മുമ്പായി ഖുത്തുബ നടത്തി. ഞാന്‍ അയാളോട്‌ പറഞ്ഞു: അല്ലാഹുവാണ്‌ സത്യം. നിങ്ങള്‍ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോള്‍ മര്‍വാന്‍ പറഞ്ഞു. അബൂസഈദ്‌! നിങ്ങള്‍ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ മര്‍വാനോട്‌ പറഞ്ഞു. അല്ലാഹു സത്യം. ഞാന്‍ പഠിച്ചുവെച്ചതാണ്‌ ഞാന്‍ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാള്‍ ഉത്തമം. മര്‍വാന്‍ പറഞ്ഞു. ജനങ്ങള്‍ നമസ്കാരശേഷം നമ്മുടെ പ്രസംഗം കേള്‍ക്കാനിരിക്കുന്നില്ല. അതുകൊണ്ട്‌ ഖുത്തുബയെ ഞാന്‍നമസ്കാരത്തിന്‍റെ മുമ്പാക്കി. 

Comments